തിരുവനന്തപുരം: ഡിവൈഎഫ്ഐയും എസ്എഫ്ഐയും കഴിഞ്ഞ ദിവസം രാത്രി രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന് ഗവർണർ ആർ.വി. അർലേക്കർ കത്തു നൽകി.
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും രാജ്ഭവനു നേർക്കു നടത്തിയ പ്രതിഷേധത്തിനിടെയാണ് സുരക്ഷാവീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം നടത്തി സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരായ പോലീസുകാരെയും പ്രതിഷേധക്കാരെയും കണ്ടെത്തി നടപടി സ്വീകരിക്കണം. സുരക്ഷാ വീഴ്ചയെക്കുറിച്ചു സംസ്ഥാന പോലീസ് മേധാവി വിശദീകരിക്കണം. നിയമ നടപടി ഉടൻ വേണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.